
തലശ്ശേരി: കതിരൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം. 2018ല്‍ തന്നെ അംഗീകാരം കരസ്ഥമാക്കിയിരുന്നു. അത് നിലനിര്‍ത്താനായത് അഭിമാനാര്‍ഹമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനില്‍ പറഞ്ഞു. 93.52 ശതമാനം സ്‌കോര്‍ നേടിയാണ് കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം അംഗീകാരം നിലനിര്‍ത്തിയത്. നേരത്തെ കായകല്‍പ പുരസ്‌കാരവും ആര്‍ദ്ര കേരളപുരസ്‌കാരവും കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. 1972 ലാണ് കതിരൂരില്‍ ആരോഗ്യ കേന്ദ്രം സ്ഥാപിതമായത്. 2005ല്‍ അനുബന്ധ കെട്ടിടം പണിതു. പിന്നീട് ലബോറട്ടറി, ഫിസിയോ തെറാപ്പി യൂനിറ്റ്, ഫാര്‍മസി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളോടുകൂടി മികവിന്റെ കേന്ദ്രമായി. ജീവനക്കാരുടെ പെരുമാറ്റം, ശുചിത്വം എല്ലാം ഒന്നിനൊന്ന് മെച്ചമാണിവിടെ. ജീവിതശൈലി രോഗം, കുട്ടികളുടെ ഇമ്യൂണൈസേഷന്‍, ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍, ആശ്വാസ് ഡിപ്രെഷന്‍ സ്‌ക്രീനിങ് ക്ലിനിക്, കൗമാരക്കാര്‍ക്കുള്ള ക്ലിനിക് എന്നിവയുണ്ട്.
മറ്റു കുടുംബാരോഗ്യ കേന്ദ്രങ്ങളിലില്ലാത്ത ഫിസിയോ തെറപ്പി, ഡെന്റല്‍ ഒ.പി എന്നിവ ഇവിടുത്തെ പ്രത്യേകതയാണ്. ലാബ് സംവിധാനവും വൈകിട്ട് വരെയുള്ള ഒ.പി യും ഉണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആഴ്ചയില്‍ ഒരു ദിവസം പ്രത്യേക പരിശോധനയും പുറമെ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ലഭിക്കും. പാലിയേറ്റീവ് കെയര്‍ വിഭാഗം മാസത്തില്‍ 20 ദിവസം ഫീല്‍ഡില്‍ എത്തി കിടപ്പുരോഗികള്‍ക്ക് താങ്ങാകുന്നു. ഡോ.വിനീത ജനാര്‍ദ്ദനനാണ് മെഡിക്കല്‍ ഓഫിസര്‍. കേന്ദ്രത്തിന് കീഴില്‍ ചുണ്ടങ്ങാപ്പൊയില്‍, പുല്യോട്, മലാല്‍, കുണ്ടുചിറ എന്നീ സബ് സെന്ററുകളും 30 ആശാ വര്‍ക്കര്‍മാരും 24 ഹരിതകര്‍മ സേനാംഗങ്ങളുമുണ്ട്.