
തലശ്ശേരി: നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ല അത് ലറ്റിക്‌സ് മത്സരത്തിൽ 272 പോയിന്റുമായി കണ്ണൂർ അത് ലറ്റിക് അക്കാദമി ചാമ്പ്യന്മാരായി. ആലക്കോട് ടി.എം.ടി.സി സ്പോർട്സ് ഫൗണ്ടേഷൻ 227 പോയിന്റോടെ രണ്ടാം സ്ഥാനവും 92 പോയിന്റുമായി ഗവ.മുൻസിപ്പൽ.എച്ച്.എസ്.എസ് കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഫാസ്റ്റ് അക്കാദമി കാങ്കോൽ 85ഉം തലശ്ശേരി അത് ലറ്റിക്സ് ക്ലബ് 56ഉം പോയിന്റ് നേടി. സമാപനസമ്മേളനം നഗരസഭ വൈസ് ചെയർമാൻ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വി. നീന മുഖ്യാതിഥിയായി. മൂന്ന് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ഇനങ്ങളിലായി ജില്ലയിലെ 37 ഓളം യൂനിറ്റുകളിൽനിന്ന് 1000ഓളം കായികതാരങ്ങൾ മത്സരിച്ചു. അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകളും സ്‌കൂളുകളുമാണ് മത്സരത്തിൽ പങ്കെടുത്തത്. സംസ്ഥാന ചാമ്പ്യൻഷിപ്പ് ഒക്ടോബർ 10 മുതൽ 12 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കും.