
കണ്ണൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ പരിപാടിയിലും പങ്കെടുത്തില്ല. ഇന്നു പയ്യാമ്പലത്ത് നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കുമെന്നായിരുന്നു ജില്ലാ കമ്മിറ്റി അറിയിച്ചത്. എന്നാല്‍ എം.എം ലോറന്‍സിന്റെ മരണത്തെ തുടര്‍ന്ന് ഇ.പി ജയരാജന്‍ എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം ഇ.പി പാര്‍ട്ടി പരിപാടികളില്‍ എത്തിയിട്ടില്ല. സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി അനുശോചനം രേഖപ്പെടുത്തിയതൊഴിച്ചാല്‍ ഇ.പി കഴിഞ്ഞ 23 ദിവസമായി പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കാനോ തയ്യാറായിട്ടില്ല. സെപ്റ്റംബര്‍ 9ന് നടന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ പാര്‍ട്ടി നിശ്ചയിച്ചെങ്കിലും ഇ.പി എത്താത്തതും ഇതിനിടെ വിവാദമായിരുന്നു. ആയുര്‍വേദ ചികിത്സയെന്ന വിശദീകരണമാണ് പാര്‍ട്ടി നല്‍കിയത്. ഇന്നത്തെ അഴീക്കോടന്‍ അനുസ്മരണ പരിപാടിയില്‍ ഇ.പി ജയരാജന്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം.