
ആറളം ഫാമിലെ ഒമ്പതാം ബ്ലോക്കിലെ ജനവാസ മേഖലയിലെത്തിയ കാട്ടാന
പേരാവൂര്‍: ആറളം പുനരധിവാസ മേഖലല്‍ നിര്‍മ്മിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്ന് എസ്.സി – എസ്.ടി കമ്മിഷന്റെ നിര്‍ദേശം. കമീഷന്‍ ഫാമില്‍ നടത്തിയ സിറ്റിങ്ങിലാണ് കര്‍ശന നിലപാട് ആവര്‍ത്തിച്ചത്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും രൂക്ഷമായി തുടരുന്ന കാട്ടാന ശല്യം തടയാന്‍ മതിലിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍കമ്മീഷന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയത് . കൂടാതെ പുനരധിവാസ മേഖലയില്‍ നബാര്‍ഡ് ധനസഹായത്തോടെ പൂര്‍ത്തിയാക്കിയ 22 കെട്ടിടങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി പ്രവര്‍ത്തനക്ഷമമാക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു .
ഒരുവര്‍ഷം മുന്‍പ് പ്രവര്‍ത്തി ആരംഭിച്ച 10.50 കിലോമീറ്റര്‍ ആനമതില്‍ രണ്ട് റീച്ചുകളിലായി നാലു കിലോമീറ്റര്‍ ദൂരം പ്രവൃത്തിആരംഭിച്ചെങ്കിലും രണ്ട് കിലോമീറ്റര്‍ പ്രവര്‍ത്തി മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ ജൂണ്‍ 15ന് 3.5 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15നകം ആദ്യം നിര്‍ദേശിച്ച 3.5 കിലോമീറ്റര്‍ മതില്‍ പൂര്‍ത്തിയാക്കണമെന്നും അവശേഷിച്ച ഏഴു കിലോമീറ്റര്‍ ദൂരം മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കണമെന്നുമാണ് കമ്മീഷന്റെ നിര്‍ദേശം.
മതില്‍ നിര്‍മ്മാണംആരംഭിക്കാനുള്ള വളയംചാല്‍ മുതല്‍ പുളിമരം തട്ട് വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ മുറിച്ചുമാറ്റേണ്ട 164 മരങ്ങള്‍ക്ക് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം വില നിര്‍ണയം വൈകുന്നതും മതിലിന്റെ അലൈന്മെന്റില്‍ വന്ന മാറ്റം ഉള്‍പ്പെടെ ചര്‍ച്ചയായി. വില നിര്‍ണയം വേഗത്തിലാക്കണമെന്നും വകുപ്പിനോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫിസര്‍ വിനോദ്കുമാര്‍, ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ഡോ. കെ.പി. നിധിഷ് കുമാര്‍, ആറളം ഫാം ആദിവാസി പുനരധിവാസ മിഷന്‍ സൈറ്റ് മാനേജര്‍ സി. ഷൈജു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ, പഞ്ചായത്ത് ഫാം വാര്‍ഡ് അംഗം മിനി ദിനേശന്‍ എന്നിവരും വിവിധ പ്രതിനിധികളും പങ്കെടുത്തു.