
പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലനം
കണ്ണൂർ: സമഗ്രശിക്ഷാ ശിക്ഷാ കേരളത്തിന്റെ കീഴിൽ ജില്ലയിൽ 12 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും (ബി.ആർ.സി) സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകൾ (എസ്.ഡി.എസ്) ഒക്‌ടോബറിൽ പ്രവർത്തനമാരംഭിക്കാൻ തയാറാകുന്നു. വിദ്യാർഥികൾക്ക് പ്രൊഫഷണൽ വൈദഗ്ധ്യം വളർത്തുന്നതിനുള്ള പരിശീലനം സൗജന്യമായി നൽകി വിവിധ ജോലികൾക്ക് അവരെ പ്രാപ്തരാക്കുക എന്നതാണ് ഈ സെന്ററുകളുടെ ലക്ഷ്യം.
ഇതിന്റെ പൈലറ്റ് പ്രോജക്ട് കല്യാശ്ശേരി ബ്ലോക്ക് റിസോഴ്‌സ് സെൻററിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിക്കുകയും 50 വിദ്യാർഥികൾ ഒരു വർഷം നീണ്ടു നിൽക്കുന്ന രണ്ടു കോഴ്‌സുകൾ (എക്‌സിം എക്‌സിക്യൂട്ടിവ്, ബേക്കിങ് ടെക്‌നീഷ്യൻ) നിലവിൽ വിജയകരമായി പൂർത്തിയാക്കുകയാണ്. 15 മുതൽ 23 വരെ പ്രായമുള്ളവർക്കാണ് ഈ കോഴ്‌സിന് ചേരുവാൻ സാധിക്കുക. ഒരു എസ്ഡിഎസിൽ രണ്ട് കോഴ്‌സുകളായിരിക്കും നടത്തുക. ഒരു ബാച്ചിൽ 25 വിദ്യാർഥികൾക്കാണ് പ്രവേശനം നൽകുക. ഒരു വർഷമായിരിക്കും കോഴ്‌സിന്റെ കാലാവധി. വിദ്യാർഥികളുടെ സ്‌കൂളിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിലായിരിക്കും കോഴ്‌സുകൾ നടത്തുക.
ജില്ലാതല സ്‌കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റിയുടെ രക്ഷാധികാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയാണ്. കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ അഡ്വ. കെ.കെ രത്‌നകുമാരിയും വൈസ് ചെയർമാൻ ജില്ലാ കലക്ടർ അരുൺ കെ. വിജയനുമാണ്. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഇ.സി വിനോദാണ് കമ്മറ്റി കൺവീനർ.
ജില്ലാതല സ്‌കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റിയുടെ പ്രഥമയോഗം ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ അസി. കലക്ടർ ഗ്രന്ഥേ സായി കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ അഡ്വ. കെ കെ രത്‌നകുമാരി സ്‌കിൽ ഡെവലപ്മെന്റ് സെന്റർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, വി.എച്ച്.സി.ഇ പയ്യന്നൂർ മേഖല അസി.ഡയറക്ടർ ഇ.ആർ ഉദയകുമാരി, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ മുഹമ്മദ് അൻസിൽ ബാബു, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ ഇ.സി വിനോദ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ (കെയ്സ്) ജില്ലാ സ്‌കിൽ കോഓർഡിനേറ്റർ വി.ജെ വിജേഷ്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി.കെ സബിത്ത് എന്നിവർ സംസാരിച്ചു.