
പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ അങ്കണവാടികൾക്കും മെത്തകൾ അനുവദിക്കും. എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ചേർന്ന ഐ.സി.ഡി എസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ 229 അംഗൻവാടികൾക്ക് എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്കായി ചെറിയ മെത്തകൾ വാങ്ങും. ഇതിനായി എം.എൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. കയർഫെഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തിൽ കെ. നിർമ്മല (സി.ഡി.പി.ഒ കല്യാശേരി), പി. ലത (സി.ഡി.പി.ഒ കല്യാശേരി അഡീഷ്ണൽ), രേണുക പാറയിൽ (സി.ഡി.പി.ഒ, തളിപറമ്പ്), പി.പി ശൈലജ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, പയ്യന്നൂർ) പങ്കെടുത്തു.