
മട്ടന്നൂര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ മട്ടന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. മഹേഷ് ചന്ദ് ശര്‍മ (26)യാണ് പിടിയിലായത്. ജയ്പൂര്‍ സൗത്തിലെ സംഗനേര്‍ സദര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആറ് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.
ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 14 കാരിയായ പെണ്‍കുട്ടിയെ പല തവണയായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് ശേഷം കേരളത്തിലേക്ക് കടന്ന പ്രതി മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തില്ലങ്കേരി പടിക്കച്ചാലില്‍ മറുനാടന്‍ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു മഹേഷ് ചന്ദ് താമസിച്ചിരുന്നത്. മാര്‍ബിളിന്റെ ജോലി ചെയ്തു വരികയായിരുന്നു. രാജസ്ഥാന്‍ പോലീസ് നല്‍കിയ വിവരമനുസരിച്ച് മട്ടന്നൂര്‍ എസ്. ഐ. ആര്‍.എന്‍. പ്രശാന്ത്, എസ്.ഐ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ രാജസ്ഥാന്‍ പോലീസിന് കൈമാറി.