
തലശ്ശേരി: ഗുജറാത്ത് രാജ്കോട്ടിൽ നടക്കുന്ന 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ബി.സി.സി.ഐ ടി 20 ട്രോഫിക്കുള്ള കേരള ടീമിൽ കണ്ണൂർക്കാരായ വി.എൻ. നിവേദ്യ മോൾ, സി.വി. അനുഷ്ക്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. രാഹുൽ ദാസാണ് ടീമിന്റെ സ്ട്രെങ്ങ്ത്ത് ആന്റ് കണ്ടീഷനിങ് കോച്ച്. ഗ്രൂപ്പ് സി യിൽ ഒക്ടോബർ രണ്ടിന് ഉത്തരാഖണ്ഡുമായും, നാലിന് ഹൈദരാബാദുമായും, ആറിന് മേഘാലയുമായും, എട്ടിന് ജമ്മു ആന്റ് കശ്മീരുമായും കേരളം ഏറ്റുമുട്ടും. വലം കൈയ്യൻ മീഡിയം പേസ് ബൗളറും വലം കൈയ്യൻ ബാറ്ററുമായ വി.എൻ. നിവേദ്യമോൾ മുൻ വർഷങ്ങളിൽ അണ്ടർ 15, അണ്ടർ 19 കേരള ടീമിലും 2024 ഏപ്രിൽ, മേയ് മാസങ്ങളിൽ നാഗ്പൂരിൽ നടന്ന നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ 19 വയസിന് താഴെയുള്ള പെൺകുട്ടികളുടെ ഹൈ പെർഫോർമൻസ് ക്യാമ്പിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തലശ്ശേരി പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ.ടി. നിജേഷ് ബാബുവിന്റെയും കെ.എം. ബിന്ദുവിന്റെയും മകളാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്. വലം കൈയ്യൻ ഓഫ് സ്പിന്നറും വലം കൈയ്യൻ മിഡിൽ ഓർഡർ ബാറ്ററുമായ സി.വി. അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി. ഷൈൻ ബാബുവിന്റെയും പി. ബിന്ദുവിന്റെയും മകളാണ്. കണ്ണൂർ തളാപ്പ് എസ്.എൻ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾ പതിനൊന്നാം ക്ലാസ് കൊമേഴ്സ് വിദ്യാർഥിയാണ്. ബി.സി.സി.ഐ ”ലെവൽ എ” സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ജില്ല ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാഹുൽ. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ, ഗവ.ബ്രണ്ണൻ കോളജ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂനിവേഴ്സിറ്റി മങ്ങാട്ടുപറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമടം അട്ടാരക്കുന്ന് രമണികയിൽ ദാസന്റെയും രമണിയുടെയും മകനാണ്.