
തലശ്ശേരി: നഗരത്തില്‍ ഓട്ടോറിക്ഷയുടെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. മാവിലായി മൂന്നുപെരിയ നെടുകോമത്ത് ഹൗസിൽ കെ. മിഥുന്‍ മനോജ് (27), ധര്‍മടം പാലയാട് കുരുക്ഷേത്രക്ക് സമീപം കോട്ടക്കണ്ടി ഹൗസിൽ കെ.കെ. മുഹമ്മദ് ഷിനാസ് (22), തലശ്ശേരി മാടപ്പീടികയിലെ രയരോത്ത് ഹൗസിൽ പി.കെ. വിഷ്ണു (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 12.51 ഗ്രാം എം.ഡി. എം.എയും 17 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തലശ്ശേരി തലായിയിൽ നിന്നാണ് ബുധനാഴ്ച രാത്രി 10.45 ന് മൂവരും പൊലീസ് പിടിയിലായത്. തലായി ഹാർബർ പരിസരത്ത് നിന്ന് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ഓട്ടോറിക്ഷയിൽ നടത്തിയ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെടുക്കുകയായിരുന്നു. ലഹരി വസ്തുക്കൾ
വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എസ്.ഐ ടി.കെ. അഖിലിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് വകുപ്പുകളടക്കം ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തത്. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണം, അടിപിടി കേസിലെ പ്രതിയാണ് പിടിയിലായ മിഥുൻ. ഇയാൾക്കെതിരെ നിരവധി കേസുകൾ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. ടൗണിലും പരിസരത്തും ഓട്ടോ ഡ്രൈവർ എന്ന വ്യാജേന വളരെ നാളുകളായി ഇയാൾ മയക്കുമരുന്ന് കച്ചവടം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.