April 19, 2025

കണ്ണൂര്‍: മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ടൂറിസം നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നു. ജില്ലയിലെ ജലടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും സംരംഭകര്‍ക്ക് അവസരം ലഭ്യമാക്കി ടൂറിസം രംഗത്ത് അനുയോജ്യമായ നിക്ഷേപം നടത്തുന്നതിനും സംസ്ഥാന ടൂറിസം വകുപ്പ് അഞ്ചു നദികളുടെ തീരങ്ങളിലായാണ് ബോട്ട് ജെട്ടികള്‍, ടെര്‍മിനലുകള്‍, അനുബന്ധ ടൂറിസം പദ്ധതികള്‍, മൂന്ന് സ്പീഡ് ബോട്ടുകള്‍ എന്നിവ ഒരുക്കിയത്. മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായുള്ള ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപവത്കരിച്ച് കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖലക്ക് കുതിപ്പ് പകരുന്നതിനായാണ് നിക്ഷേപക സംഗമം നടത്തുന്നത്. സെപ്റ്റംബര്‍ 25ന് ഉച്ചക്ക് രണ്ട് മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി.
പെരുമ്പ (കവ്വായി കായല്‍), കുപ്പം, വളപട്ടണം, മാഹി, അഞ്ചരക്കണ്ടി പുഴകള്‍ കേന്ദ്രീകരിച്ചു അനുയോജ്യമായ തീമുകളിലൂടെ ജല ടൂറിസത്തെ ലോകത്തിനു മുന്‍പാകെ സമഗ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് നിക്ഷേപ സംഗമം ലക്ഷ്യമിടുന്നത്. ജില്ലയിലെ അഡ്വെന്റര്‍ ടൂറിസം ഓപ്പറേറ്റര്‍മാര്‍, ബോട്ട് ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ട്രേഡ് അസോസിയേഷനുകള്‍, പുരവഞ്ചികളുടെ ഉടമസ്ഥര്‍, ടൂറിസം മേഖലയിലെ വിവിധ ഓപ്പറേറ്റര്‍മാര്‍, സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തുടങ്ങിയവര്‍ക്കും താല്‍പര്യമുള്ള മറ്റുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ ബോട്ട് ടെര്‍മിനലുകള്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപ സാധ്യതകള്‍, ചെയ്യാന്‍ കഴിയുന്ന പദ്ധതികള്‍, നിബന്ധനകള്‍ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ വിവരം സംഗമത്തില്‍ ലഭിക്കുന്നതാണ്. ഫോണ്‍: 0497 2706336, 9447524545.

Leave a Reply

Your email address will not be published. Required fields are marked *