April 19, 2025

നാലാം തവണയും ഉദ്യോഗസ്ഥർക്ക് വിമർശനം


കണ്ണൂർ: കോർപ്പറേഷൻ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവൽകരണം പദ്ധതിയുടെ വിശദ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) കൗൺസിൽ അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തിൽ അറിയിച്ചു. കണ്ണൂർ നഗരത്തെ സൗന്ദര്യവൽക്കരിക്കുന്നതിന് മൂന്നു ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്. ഗാന്ധി സർക്കിൾ പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ, പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ, സൂര്യ സിൽക്സ് പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവർത്തിയുടെ ഡി.പി.ആർ തയ്യാറായി വരുന്നതായും മേയർ അറിയിച്ചു. മാലിന്യ സംസ്കരണത്തിനു വേണ്ടി കോർപ്പറേഷന് പുതുതായി വാഹനം വാങ്ങുന്നതിനും തീരുമാനിച്ചു.
കോർപ്പറേഷൻറെ 2023 – 24 വാർഷത്തെ വാർഷിക ധനകാര്യ പത്രികകക്ക് കൗൺസിൽ അംഗീകാരം നൽകി.
അതേസമയം യോഗത്തിൽ തുടർച്ചയായി നാലാം തവണയും ഉദ്യോഗസ്ഥർക്ക് വിമർശനം. ജനതാൽപര്യത്തിനപ്പുറം ഉദ്യോഗസ്ഥ ഇഷ്ടമാണ് കോർപറേഷനിൽ നടക്കുന്നതെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ഒന്നടങ്കം ഉന്നയിച്ചു. കോർപറേഷൻ എൻജിനിയറിങ് ഉദ്യോഗസ്ഥൻമാർക്കെതിരെയാണ് വ്യാഴാഴ്ചയിലെ യോഗത്തിൽ വിമർശനമുയർന്നത്.
ഭരണപക്ഷത്തെ അംഗം വി.കെ. അബ്ദുൾ റസാഖ് ആണ്​ ഉദ്യോഗസ്ഥർ കാണിക്കുന്ന ഉദാസീനത ആദ്യമുന്നയിച്ചത്. ഇത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷത്തെ പ്രദീപനും ചൂണ്ടിക്കാട്ടി. പിന്നാലെ കൂടുതൽ കൗൺസിലർമാർ വിഷയത്തിൽ ഇടപെട്ടു. എളയാവൂർ ശിശുമന്ദിരത്തിലെ പ്രവൃത്തി തുകയിൽ ബാക്കിയുള്ള തുക ഉപയോഗിക്കുന്ന അജണ്ട ചർച്ചക്ക് എടുത്തപ്പോഴാണ് ഉദ്യോഗസ്ഥർക്കുനേരെ വിമർശനമുയർന്നത്.
അജണ്ടകളുടെ എണ്ണം കൂടുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. രാഗേഷ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ കൗൺസിലിൽ ഉന്നയിച്ച കൈക്കൂലി ആരോപണത്തിൽ നടപടിയുണ്ടാവാത്തതിൽ പ്രതിഷേധവും അദ്ദേഹം ഉന്നയിച്ചു. കഴിഞ്ഞ കൗൺസിലിൽ ഉന്നയിച്ച പയ്യാമ്പലത്തെ ശ്മശാനവുമായി ബന്ധപ്പെട്ട അഞ്ചരലക്ഷത്തിന്റെകൈക്കൂലി ആരോപണം അദ്ദേഹം വീണ്ടും ആവർത്തിച്ചു. പ്രതിപക്ഷം ഇദ്ദേഹത്തെ അനുകൂലിച്ചു രംഗത്തെത്തി. ഭരണപക്ഷം ഇത് ചെറുക്കാൻ ശ്രമിച്ചതോടെ യോഗത്തിൽ അൽപനേരം ബഹളമായി. മേയർ മുസ്‍ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, ടി.ഒ. മോഹനൻ, സുരേഷ്ബാബു എളയാവൂർ, സിയാദ് തങ്ങൾ, അഡ്വ. പി കെ അൻവർ, വി.കെ. ഷൈജു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *