April 19, 2025

കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള കമ്പനി ഓഹരി ഉടമകളുടെ യോഗത്തില്‍ അതൃപ്തിയുമായി ഓഹരി ഉടമകള്‍. ഉടമകളുടെ പ്രതിഷേധം കനക്കുന്നതിനിടെ തിങ്കളാഴ്ച ചേര്‍ന്ന വാര്‍ഷിക യോഗവും 27മിനുട്ട് കൊണ്ട് അവസാനിപ്പിച്ചു. യോഗം വേഗം അവസാനിപ്പിച്ചത് ഓഹരി ഉടമകള്‍ക്ക് നിരാശയുണ്ടാക്കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സാങ്കേതിക പ്രശ്നം കഴിഞ്ഞു മുഖ്യമന്ത്രി തിരികെ വരുമ്പോഴേക്കും യോഗ തീരുമാനങ്ങളോ പ്രമേയങ്ങളോ ഭാവി കാര്യങ്ങളോ അറിയാന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സാധിച്ചില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ വിമാനത്താവളത്തിലൂടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നതിന് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിയാലിന്റെ 15ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍വീസ് ഇന്റര്‍നാഷണല്‍ നടത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി സര്‍വേയില്‍ കണ്ണൂര്‍ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്നു വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തില്‍ ആദ്യപത്തിലും ഇടംനേടിയിട്ടുണ്ട്. കമ്പനിക്ക് വേണ്ടി ലോണെടുത്ത കടം പുനഃക്രമീകരണത്തിന് ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. പൂര്‍ത്തിയായ കാര്‍ഗോ ടെര്‍മിനല്‍ ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഈ വര്‍ഷം ഹജ്ജ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 19 വരെ നടന്ന ഹജ്ജ് പ്രത്യേക ക്യാമ്പ് 6351 പേര്‍ ഉപയോഗപ്പെടുത്തി. ഹജ്ജിനു വേണ്ടി സ്ഥിരമായ സംവിധാനം ഏര്‍പ്പെടുത്തും, ഈ സാമ്പത്തിക വര്‍ഷം 180 കോടി ലാഭം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കമ്പനി നിയമപ്രകാരം കിയാല്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും ഓഹരി ഉടമകള്‍ക്ക് ഡിവിഡണ്ട് നല്‍കാന്‍ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും കമ്പനി സെക്രട്ടറി യോഗത്തെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *