
കണ്ണൂർ: 25ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടക്കും. കണ്ണൂർ മുനിസിപ്പൽ സ്കൂൾ, തളാപ്പ് മിക്സഡ് യു.പി സ്കൂൾ എന്നിവിടങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽനിന്നായി 1600ഓളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
മൂന്നിന് രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലോത്സവം ഉദ്ഘാടനം ചെയ്യും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ഒമ്പത് ഇനങ്ങളിലും കേൾവി പരിമിതിയുള്ളവർക്കായി 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്കായി 19 ഇനങ്ങളിലുമാണ് മൽസരങ്ങൾ. ആദ്യദിനം ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവർക്കും രണ്ടും മൂന്നും ദിവസങ്ങളിൽ കാഴ്ച, കേൾവി പരിമിതികളുള്ളവർക്കുമാണ് മൽസരങ്ങൾ. പഴയിടം മോഹനൻ നമ്പൂതിരിയാണ് ഇത്തവണയും മേയിൽ ഭക്ഷണമൊരുക്കുന്നത്.
വാർത്തസമ്മേളനത്തിൽ ഡി.ഡി.ഇ കെ.എൻ. ബാബു മഹേശ്വരി പ്രസാദ്, പ്രോഗ്രാ കമ്മിറ്റി കൺവീനർ കെ.സി. മഹേഷ്, പബ്ലിസിറ്റി കൺവീനർ വി.വി. രതീഷ് , റിസപ്ഷൻ കൺവീനർ പി. വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.