April 19, 2025

തലശ്ശേരി: എസ്.എഫ്.ഐ – എ. ബി.വി.പി സംഘർഷത്തെ തുടർന്ന് ധർമടം ഗവ. ബ്രണ്ണൻ കോളജ് രണ്ടു ദിവസത്തേക്ക് അടച്ചു. ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങുന്നതിൻ്റെ ഭാഗമായി ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ കോളജിൽ പ്രിൻസിപ്പൽ
ജെ. വാസന്തിയുടെ അധ്യക്ഷതയിൽ ചേർന്ന അച്ചടക്ക സമിതി യോഗത്തിനിടെയാണ് സംഭവം.
യോഗത്തിനിടെ എസ്. എഫ്.ഐ-എ.ബി.വി.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. തുടർന്ന് പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ധർമടം സ്റ്റേഷനിൽ നിന്നും പോ പൊലീസ് സംഘവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സംഘർഷാവസ്ഥ നിയന്ത്രിച്ചു. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ധർമടം പൊലീസ് അറിയിച്ചു. ബ്രണ്ണൻ കോളജ് പരിസരത്ത് ആർ.എസ്.എസ്. ക്രിമിനൽ സംഘങ്ങൾ കേന്ദ്രീകരിക്കുന്നതായി എസ്.എഫ്.ഐ. ബ്രണ്ണൻ കോളജ് യൂനിറ്റ് പ്രസ്താവനയിൽ ആരോപിച്ചു. ഒരു കാരണവുമില്ലാതെയാണ് എസ്.എഫ്.ഐ പ്രവർത്തകരെ എ.ബി. വി.പി പ്രവർത്തകർ മർദ്ദിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങളെ വിദ്യാർഥികൾ ശക്തമായി ചെറുത്ത് തോൽപിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ജനാധിപത്യ മര്യാദകൾ ലംഘിച്ചുകൊണ്ട് മറ്റു വിദ്യാർഥി സംഘടനകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ ബ്രണ്ണൻ കോളജിൽ കാലാകാലങ്ങളായി എസ്.എഫ്.ഐ തടയുകയാണെന്ന് എ. ബി.വി.പി പ്രസ്താവനയിൽ പറഞ്ഞു. എസ്.എഫ്. ഐയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ട് ഈ അധ്യയന വർഷത്തിൽ എ.ബി.വി. പി ബ്രണ്ണനിൽ സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. ഒന്നാംവർഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനായി എ. ബി.വി.പി നടത്തിയ പ്രവർത്തനങ്ങൾ കാമ്പസിലെ ജനാധിപത്യകാംക്ഷികളായ വിദ്യാർഥികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു വെന്നും ഇതിൽ വിറളി പൂണ്ട എസ്.എഫ്.ഐ. പ്രവർത്തകർ മുൻകൂട്ടി ആസൂത്രണം ചെയ്ത് അച്ചടക്ക സമിതി യോഗത്തിൽ സംഘർഷം അഴിച്ചുവിടുകയായിരുന്നുവെന്നും എ.ബി.വി. പി ജില്ല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.