
വിടുതല്‍ ഹരജി സി.ബി.ഐ കോടതി തള്ളി
കൊച്ചി: അരിയിൽ അബ്ദുൽഷുക്കൂര്‍ വധക്കേസില്‍ തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതല്‍ ഹരജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഹരജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി. കേസില്‍ ഗൂഡാലോചനാകുറ്റമായിരുന്നു ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐ ചുമത്തിയിരുന്നത്. ഇതിനെതിരേയാണ് നേതാക്കള്‍ കോടതിയെ സമീപിച്ചത്.
2012 ഫെബ്രുവരി 20നാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷററായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി. ജയരാജന്റെ വാഹനം പട്ടുവത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിയ ശേഷമായിരുന്നു കൊലപാതകം.
കേസില്‍ അന്യായമായാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നായിരുന്നു പി. ജയരാജന്റെയും ടി.വി രാജേഷിന്റെയും വാദം. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടതെന്നും ഹരജിയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഷുക്കൂറിന്റെ മാതാവ് ഹരജിയെ എതിര്‍ത്ത് കോടതിയെ സമീപിച്ചു. ഇതിലടക്കം വാദം കേട്ടാണ് ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടത്.