April 19, 2025

കണ്ണൂര്‍: ചിറക്കല്‍ പഞ്ചായത്തിലെ കുണ്ടന്‍ചാല്‍ സങ്കേതത്തിലെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശത്തെ ഏഴ് കുടുംബങ്ങളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ഒരു കുടുംബത്തിന് 10 ലക്ഷം രൂപ വീതം 70 ലക്ഷം രൂപ അനുവദിച്ചു. പ്രദേശത്തെ 34 കുടുംബങ്ങളില്‍ പ്രദേശത്തുനിന്ന് പുനരധിവാസത്തിന് സമ്മതമാണെന്ന് അറിയിച്ച ഏഴ് കുടുംബങ്ങള്‍ക്കാണ് ധനസഹായം അനുവദിച്ചത്. കുണ്ടന്‍ചാല്‍ സങ്കേതത്തിലെ എസ്. ഗുരുനാഥന്‍, എ. ജാനകി, കെ. ജയശ്രീ, കെ.വി. രജ്ഞിത്ത്, കെ. സീത, എം. ഗോപാലന്‍, എ. രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് ധനഹായം ലഭിക്കുക. കുണ്ടന്‍ചാല്‍ സങ്കേതത്തില്‍ മഴക്കാലത്ത് മണ്ണൊലിപ്പ് കാരണം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും പ്രദേശവാസികളുടെ വീടിനും ജീവനും സംരക്ഷണം ലഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എല്‍.എയും ചിറക്കല്‍ പഞ്ചായത്തും ചേര്‍ന്ന് നടത്തിയ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. ഒരു കുടുംബത്തിന് ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് വെക്കുന്നതിന് നാല് ലക്ഷം രൂപയും ചേര്‍ത്ത് ആകെ 10 ലക്ഷം രൂപ എന്ന നിരക്കില്‍ ആകെ 70 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും നല്‍കുക.
നിരന്തരമായ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഡെപ്യൂട്ടി കലക്ടറുടെയും, എസ്.സി ഡെവലപ്പ്‌മെന്റ് ഓഫിസറുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രദേശത്തെ വിഷയം ഗൗരവമേറിയതാണെന്ന് ബോധ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മണ്ണിടിച്ചിലിന് പരിഹാരം ഉണ്ടാക്കാനായി കോഴിക്കോട് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സംഘം പ്രദേശം സന്ദര്‍ശിച്ചു പഠനം നടത്തി. പ്രദേശത്തെ ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കുന്നതാണ് ഉചിതമെന്ന് സംഘം നിര്‍ദേശിച്ചു. ചിറക്കല്‍ വില്ലേജ് പൊതുവില്‍ സമതലം വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണെങ്കിലും കുണ്ടന്‍ചാല്‍ സങ്കേതത്തില്‍ വീടുകള്‍ സ്ഥിതി ചെയുന്നത് ചെരിഞ്ഞ തട്ട് തട്ടുകളായ പ്രദേശത്താണെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രദേശത്തെ മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന കുടുംബങ്ങള്‍ സ്വന്തമായി മറ്റു ഭൂമി കൈവശമില്ലാത്തവരും കുടുംബത്തിന് സ്ഥിര വരുമാനമില്ലാത്തവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ആണെന്നും കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രദേശത്തെ സംരക്ഷിക്കാന്‍ കെ.വി. സുമേഷ് എം.എല്‍.എയുടെയും ചിറക്കല്‍ പഞ്ചായത്തിന്റേയും നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗ തീരുമാനപ്രകാരം കലക്ടറെ കണ്ട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ദ സംഘം പഠനം നടത്തിയത്. ഭൂമിയും വീടുമില്ലാത്ത തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുത്തതാണ് ചിറക്കല്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലെ കുണ്ടന്‍ചാല്‍ സങ്കേതം.

Leave a Reply

Your email address will not be published. Required fields are marked *