
കണ്ണൂർ: ശുചിത്വ സുസ്ഥിര കണ്ണൂർ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിൽ 93 മാതൃകാ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കണിച്ചാർ, കോളയാട് പഞ്ചായത്തുകളിലായി പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവഴിച്ച് ശുചിത്വ വേലി ഉദ്ഘാടനം ചെയ്യും. മറ്റുപദ്ധതികൾ: കണിച്ചാർ പഞ്ചായത്ത് 15 ലക്ഷം രൂപ മുടക്കി നെടുംപൊയിൽ റോഡിൽ 29ാം മൈലിൽ ഏലപ്പീടികയിൽ നിർമ്മിച്ച ശുചിത്വ പാർക്ക, ചെറുതാഴം പഞ്ചായത്തിലെ വിളയാങ്കോട വാദിഹുദ കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിക്കൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പെരളശ്ശേരിയിൽ നിർമ്മിച്ച റിസോഴ്‌സ് റിക്കവറി സെന്റർ പ്രവർത്തന ഉദ്ഘാടനം, പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ നിർമ്മിച്ച ഇക്കോ പാർക്കിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കൽ, മട്ടന്നൂർ നഗരസഭയിലെ മുഴുവൻ സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നട്ടു വളർത്തുന്ന ഹരിത വിദ്യാലയം പ്രവർത്തനത്തിന് തുടക്കം കുറിക്കൽ, നഗരസഭാ പരിധിയിലെ 22 സ്‌കൂളുകളിലും പച്ചത്തുരുത്തുകൾ നിർമ്മിക്കുകയും സ്‌കൂളുകൾ പൂർണ്ണമായും ഹരിത വിദ്യാലയങ്ങളായി മാറുന്ന ക്യാമ്പയിൻ, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഴു ഹരിത സംരംഭങ്ങളുടെ ഉദ്ഘാടനം, പെരളശ്ശേരി പഞ്ചായത്തിലെ മുഴുവൻ സ്‌കൂളുകളിലും ശുചിത്വ റേഡിയോ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം, വേങ്ങാട് പഞ്ചായത്തിലെ പാച്ചപ്പൊയ്ക ടൗൺ മൂന്നുപെരിയ മാതൃകയിൽ ഹരിത ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മാതൃക ടൗൺ പ്രഖ്യാപനം, നാറാത്ത് പഞ്ചായത്തിലെ കാക്കത്തോട് നീർച്ചാൽ ജനകീയമായി ശുചീകരണം നടത്തി മാലിന്യം നീക്കിയ ശേഷം ഇരുകരകളിലും കൃഷി നടത്തുന്നതിന്റെ ഉദ്ഘാടനം.