
കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്തു
മട്ടന്നൂര്‍: ഒരുകാലത്ത് കേരളത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ആയിരുന്നു നിവേദനങ്ങള്‍ ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നിര്‍മിച്ച സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. ശൈലജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍. ഷാജിത്ത്, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. രതീഷ്, മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കെ. അനിത, കീഴല്ലൂര്‍ പഞ്ചായത്ത് അംഗം ഉഷ പാറക്കണ്ടി, കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.വി. ചന്ദ്രബാബു, കിന്‍ഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ജനറല്‍ മാനേജര്‍ (പ്രൊജക്ട്സ്) ഡോ. ടി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
മട്ടന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറിയുടെ 75 ശതമാനവും സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ബാക്കി സ്ഥലം രണ്ടുമാസംകൊണ്ട് അലോട് ചെയ്യും. പാര്‍ക്കിനുള്ളില്‍ 25 ഏക്കറില്‍ അത്യാധുനിക ഫുഡ് പാര്‍ക്ക് സ്ഥാപിക്കുമെന്നും എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടല്‍ സമുച്ചയം സ്ഥാപിക്കാന്‍ താല്‍പര്യപത്രം ക്ഷണിക്കുമെന്നും മന്ത്രി പറഞ്ഞു.