
കണ്ണൂർ: കൈത്തറിയിൽ പരമ്പരാഗത ഉത്പന്നങ്ങൾക്ക് പുറമെ പുതിയ ഡിസൈനുകൾ ഉണ്ടാക്കാൻ പരിശ്രമിക്കണമെന്നും സ്‌കൂൾ യൂനിഫോം പദ്ധതിയെ മാത്രം ആശ്രയിച്ചാൽ പോരെന്നും മന്ത്രി പി. രാജീവ്. കണ്ണൂരിൽ കേരള കൈത്തറി മുദ്രക്കുള്ള രജിസ്‌ട്രേഷന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൈത്തറി രജിസ്‌ട്രേഷൻ ആദ്യമായി പൂർത്തീകരിച്ച കാഞ്ഞിരോട് വീവേഴ്‌സ് സഹകരണ സൊസൈറ്റി, കളമച്ചാൽ ഹാൻഡ്‌ലൂം വീവേഴ്‌സ് സഹകരണ സൊസൈറ്റി, പറവൂർ വീവേഴ്‌സ് സഹകരണ സൊസൈറ്റി എന്നിവർ സർട്ടിഫിക്കറ്റ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കൈത്തറി മുദ്രയുള്ള വസ്ത്രങ്ങളിലെ ക്യുആർ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷനായി. കൈത്തറി ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽകുമാർ, ഹാൻവീവ് ഡയറക്ടർ ടി.കെ. ഗോവിന്ദൻ, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, വീവേഴ്‌സ് സർവീസ് സെൻറർ ഡെപ്യൂട്ടി ഡയറക്ടർ എസ്.ടി. സുബ്രഹ്മണ്യൻ, കണ്ണൂർ ഹാൻവീവ് എം.ഡി അരുണാചലം സുകുമാർ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, ഹാൻറ്‌ലൂം എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സോമശേഖരൻ, കൈത്തറി സൊസൈറ്റി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എ.വി. ബാബു, ഐ.ഐ.ടി എക്‌സിക്യുട്ടീവ് ഡയറക്ടർ എൻ. ശ്രീധന്യൻ എന്നിവർ സംസാരിച്ചു.