
ചക്കരക്കല്ല്: പ്രായം ചെന്നവര്‍ ആടിയും പാടിയും പുതിയൊരു ലോകം തീര്‍ത്തു. മൗവ്വഞ്ചേരി ശറഫുല്‍ ഇസ്ലാം സഭ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സ്നേഹയാത്രയാണ് സ്നേഹ ബന്ധങ്ങള്‍ക്ക് പുതിയൊരു ലോകം തീര്‍ത്തത്. മഹല്ല് കമ്മിറ്റിയുടെ കീഴിലുള്ള പ്രായം ചെന്ന പുരുഷന്മാരാണ് പഴശ്ശി ഡാമിലേക്ക് പോയ സ്നേഹയാത്രയില്‍ ഒത്തുകൂടിയത്. പ്രായങ്ങള് വെറും അക്കങ്ങളാക്കി മാറ്റി ബാല്യകാല്യത്തെ വിനോദവും കായികവുമായ കളികളിലേര്‍പ്പെട്ടും കൈക്കൊട്ടിപ്പാട്ടുകള്‍ പാടിയും
സ്നേഹയാത്രയെ സുദ്യഢമാക്കിയത്. കുട്ടിക്കളികള്‍, ഓര്മ്മയോരത്ത്, അനുഭവക്കഥകള്‍, കായിക മത്സരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് സെഷനുകളിലായാണ് പരിപാടികള്‍ നടത്തിയത്. മധുര ഓര്‍മകള്‍ ഏറെ പറയാനുണ്ടായിരുന്നു ഈ കൂട്ടായ്മയ്ക്ക്. ജീവിതരോഗങ്ങളും കുടുംബപ്രശ്നങ്ങളുമൊക്കെ ദൈനംദിന ജീവിതത്തില്‍ പ്രയാസപ്പെടുത്തുന്ന ഘട്ടത്തിലുള്ള സ്നേഹയാത്രയെ മൗവ്വഞ്ചേരി നിവാസികള്‍ ഹൃദയത്തിലേറ്റിയാണ് സ്വീകരിച്ചത്.
മൗവഞ്ചേരി മഹല്ല് ഖത്തീബ് ശരീഫ് ദാരിമി വിളയില്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. അറുപത് വയസ്സ് കഴിഞ്ഞവര്‍ പരസ്പരമുള്ള സ്നേഹ ബന്ധങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മഹല്ല് കമ്മിറ്റി സ്നേഹയാത്ര എന്ന സംരംഭമൊരുക്കിയത്. സി.എച്ച്.ആര് ഹാരിസ് ഹാജി, കെ.കെ. അബ്ദുല്‍ഫത്താഹ്, ടി. അബ്ദുസ്സലാം, എം.കെ റഫീഖ്, റഫീഖ് മാമ്പ, സി.പി. മഹമ്മൂദ്, വി.സി. മഹമൂദ്, ടി. അഹമ്മദ്, കെ.ടി. ലത്തീഫ്, ഫക്രുദ്ദീന്‍, റഫീഖ്, എം.പി നൗഷാദ്, ടി.വി. മുസ്തഫ ഹാജി, സ്വാലിഹ് വാഫി, ഷിബിലി ദാരിമി, ഫര്ഹാന്, മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്കി.